Friday 5 October 2012

എമെര്‍ജിംഗ് വലിയപറമ്പ: സമഗ്ര വികസനo

വലിയപറമ്പ  ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ഞായറാഴ്ച വലിയപറമ്പ സന്ദര്‍ശിക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്നോടിയായി വലിയപറമ്പില്‍ കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 50 കോടി ചെലവ് പ്രതീക്ഷിക്കുന്ന എമെര്‍ജിംഗ് വലിയപറമ്പ എന്ന പേരില്‍ പ്രോജക്ടുകളുടെ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. 
                 വിനോദ സഞ്ചാര മേഖലക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതിയില്‍ അടിസ്ഥാന വികസനം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, വ്യവസായം എന്നിവയില്‍ അഞ്ചു വീതം പ്രൊജക്ടുകളാണ് സമര്‍പ്പിക്കുക. പശ്ചാത്തല വികസനത്തില്‍  മാവിലാകടപ്പുറം -ഏഴിമല റോഡിന്റെ വികസനത്തിനാണ് മുന്‍‌തൂക്കം. ഒരിയര-തൈക്കടപ്പുറം റോഡ്‌ പാലം നിര്‍മാണമാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. പാലം യാഥാര്‍ഥ്യമാവുന്നതോടെ ദ്വീപിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിക്കും. 
                 നിത്യഹരിത വനമായ ഇടയിലക്കാട് തുരുത്തുമായി ബന്ധപ്പെട്ട് ഇക്കോ ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. വടക്കേ കാട് നീന്തല്‍ കുളം നിര്‍മിക്കല്‍, പടന്ന കടപ്പുറം ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരിസരത്ത് കുട്ടികളുടെ പാര്‍ക്ക്, ഇടയിലക്കാട്ടും പന്ത്രണ്ടില്‍ രിഫായി പരിസരത്തും മിനി സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുക, ഉദിനൂര്‍ കടപ്പുറത്ത് ടൂറിസ്റ്റ് സെന്റര്‍ നിര്‍മാണം, അനുയോജ്യമായ മേഖലയില്‍ ഫിഷ്‌  ലാന്റിംഗ് സെന്റര്‍, കേര കര്‍ഷകര്‍ക്ക് ഉല്‍പ്പന്ന വിപണന കേന്ദ്രം എന്നിവയാണ് മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍. 
                 ഞായറാഴ്ച രാവിലെ പത്തിന് മാവിലാകടപ്പുറത്ത്  എത്തുന്ന ഉദ്യോഗസ്ഥ സംഘം വലിയപറമ്പ വരെ റോഡ്‌ മാര്‍ഗവും അവിടെ നിന്ന് ബോട്ടില്‍ ഏഴിമല വറെയും സഞ്ചരിക്കും. കാസര്‍കോട് എ.ഡി.സി. കെ.എം.രാമകൃഷ്ണന്‍, നീലേശ്വരം ബി.ഡി.ഒ. എന്‍.കെ.പുഷ്ക്കരന്‍ എന്നിവരെയാണ് കലക്ടര്‍ വലിയപറമ്പ ശിപാര്‍ശകള്‍ പഠിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. 

No comments:

Post a Comment